അതേ.... സഹോദരങ്ങളെ ഇത് എന്റെ കുട്ടിക്കാലം ആണേ . ഇനി ഇത് ഞാന് എഴുതിയെ ശരിയായില്ല എന്ന് പറയല്ലേ
പ്ലീസ് എനിക്ക് എന്റെ കാര്യം അല്ലെ എഴുതാന് പറ്റൂ അതുകൊണ്ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കണേ.
എന്റെ അച്ഛനും അമ്മയ്ക്കും രണ്ടാമത്തെ മകനായി 1985 മാര്ച്ച് മാസം ആണ് ഞാന് ജനിച്ചു വീണത്,
ശരിക്കും വീണതല്ല എന്നെ തള്ളിയിട്ടതാ കേട്ടോ.......... അല്ലേല് നമ്മള് വീഴുമോ? എവിടെ?
രണ്ടാമത്തെ എന്ന് പറഞ്ഞാലും ഞാന് ഇപ്പോള് അവരുടെ ഒറ്റ മകന് ആണ് കേട്ടോ.
പാവം.. എന്റെ ഒരു ചേട്ടന് ഉണ്ടായിരുന്നു എന്ന് കേട്ടിടുണ്ട് ...........ജനിച്ചു കുറെ കഴിഞ്ഞപോലെ മരിച്ചു പോയി ,
എന്താ ചെയ്ക അവനു എന്നെ പോലെ ഒരു അനിയന്റെ ചേട്ടന് ആവാനുള്ള യോഗം ഇല്ല എന്നാലും എനിക്കും അല്പം വിഷമം ഉണ്ട് കേട്ടോ.
അല്ലെങ്കില് ഞാന് ഒറ്റയാവില്ലരുന്നല്ലോ. ആ പോട്ടെ.
"നോമിന്റെ" ജനനത്തിനും കുറച്ചു മാസങ്ങള്ക്ക് മുന്പേ തന്നെ അമ്മയുടെ അച്ഛന് "മണ്ണൂര് ഉള്ളി കച്ചവടത്തിന്" പോയിരുന്നു ....
മര്യാദക്ക് പറഞ്ഞാല് നാട് നീങ്ങി , മരിച്ചു പോയി എന്നൊകെ പറയാം. ഞാന് തട്ടി കളഞ്ഞതാ എന്ന് ഒരു കിം വദന്തി ഉണ്ടായിരുന്നു അക്കാലത്ത് .
അത് കാരണം എനിക്ക് നല്ല വരവേല്പാണ് ലഭിച്ചത്. നാട്ടുകാരെല്ലാം നേരത്തെ തന്നെ ക അലന് (K.ALAN) എന്ന് വിളിച്ചോ എന്ന് ഒരു സംശയം ഇല്ലാതെയില്ല .
അവര്ക്കും എന്തേലും വിനോദം വേണ്ടേ അല്ലെ? അങ്ങനെ എന്തായാലും "നോം ഇങ്ങട് എത്തി ".
ഏകദേശം രണ്ടര വയസു വരെ ഞാന്‍ അച്ഛന്‍റെ തറവാട്ടില്‍ ആയിരുന്നു,
ഞാന്‍ മാത്രമല്ല അമ്മയും അച്ഛനും അച്ഛന്‍റെ സഹോദരങ്ങളും എല്ലാം. ഒരു കൂട്ടുകുടുംബം സെറ്റപ്പ്.
(പഞ്ചപാണ്ടാവന്മാര് കട്ടില് കാല് പോലെ മൂന്നു പേര് എന്ന് പറഞ്ഞപോലെ മൂന്നു ആണും മൂന്നു പെണ്ണും അങ്ങനെ അവര് ആകെ ആറു പേരാണു )
തറവാട് എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളെല്ലാം വിചാരിക്കും ഒരു നാലുകെട്ടും നടുമുറ്റവും കുളവും ഒക്കെയുള്ള ഒരു സെറ്റപ്പ് ആണെന്ന് അല്ലെ?
ചുമ്മാ. അത്രക്കും അഹന്കാരം ഒന്നും ഞങ്ങളുടെ തറവാടിനു ഇല്ലേ.
ഒരു ഓലപ്പുരയാണ് ഈ തറവാട് . ഒരു "തറ" വാടിയതാണ് എന്ന് കരുതി അത്രക്കും മോശമല്ല കേട്ടോ.
ആ ഏരിയയിലെ ഒരുമാതിരി കൊള്ളാവുന്ന ഒരു വീട് അത്രയും മതി.
ഇരുപത്തിരണ്ടു കൊല്ലം മുന്പെയുള്ളതല്ലേ? അന്ന് അവന്‍ പുലിയാണ് വെറും പുലിയല്ല ഒരു പുപ്പുലി.
ഒരു ചീറ്റ പുലി വരെ ആവാം ചുമ്മാ കിടക്കട്ടെ ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ.
ഒന്നുമല്ലെങ്കിലും ഞാന് ജനിച്ചു വീണ വീടല്ലേ,അത് പറഞ്ഞപോഴാ ഓര്ത്തത് ഇപ്പോള് കാണുമ്പൊള് അമ്മൂമ്മമാരൊക്കെ പറയും
അന്ന് നീ നെത്തോലി പോലെ ഇരുന്നതട എന്ന്,അല്ല എനിക്കറിയാന് വയ്യാത്തോണ്ട് ചോദിക്കുവാ ഇപ്പോള് ഞാന് എന്താ "കൊമ്പന്സ്രാവ്" പോലെയാണോ ?
ആ പോട്ടെ അതല്ലാലോ നമ്മുടെ വിഷയം.
അങ്ങനെ എല്ലാവരും കൂടി ശരിക്കും ഒരു ഓളം ആയിരുന്നു അവിടെ.
അമ്മമാര്‍ക്കും അതെ .................ഓളം തലക്കായിരുന്നു എന്ന് മാത്രം
കാരണം എന്നെപോലെ തന്നെ വളരെ നല്ല "സ്വഭാവഗുണം ഉള്ള മറ്റു കിടാങ്ങള്‍" കൂടി ആകുമ്പോള്‍ .....ആഹാ പറയാതിരിക്കുമോ?
എല്ലാം കൂടി ഒരു 10-12 എണ്ണം ഉണ്ടായിരുന്നു പിന്നെ എങ്ങനെ സമാധാനം കിട്ടാനാ
അങ്ങനെ ഇരിക്കെ അമ്മയും അച്ഛനും കൂടി ഒരു കടുത്ത തീരുമാനം എടുത്തു
ആറന്മുളയിലെ അച്ഛന്‍ വീട്ടില്‍ നിന്നും ഞങ്ങള്‍ കോന്നിയില്‍ ഉള്ള അമ്മ വീട്ടിലേക്കു മാറുന്നു.
അന്ന് നമുക്ക് ഇത്രയും വിവരം ഇല്ലാലോ വേണ്ട എന്ന് പറയാന്‍ ...
ഇപ്പോള്‍ നമ്മള്‍ വിവരത്തിന്റെ MG university അല്ലെ? അല്ലെങ്കില്‍ തന്നെ അന്ന് പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍?
അങ്ങനെ ആ മഹാപാതകം നടന്നു.
എന്‍റെ കയ്യില്‍ ഇരിപ്പിന്റെ ഗുണം കൊണ്ടാണ് എന്ന് തോന്നുന്നു...........
21 കൊല്ലം മുന്‍പുള്ള ഒരു ജൂണ്‍ മാസത്തില്‍ വളരെ മ്രിഗീയമായും പൈസാചികമായും എന്നെകൊണ്ട് അടുത്തുള്ള നേഴ്സറി
സ്കൂളില്‍ കൊണ്ട് ചെന്ന് ചേര്‍ത്തു, എന്നോട് ചെയ്ത ആ ചതി നോക്കണേ, അതും എന്‍റെ സ്വന്തം അമ്മ.
എല്ലാവരെയും മൂന്നര വയസില്‍ ചേര്‍ക്കുമ്പോള്‍ എന്നെ മൂന്ന് വയസായപൊളെ കൊണ്ടുപോയി വിട്ടു.
അത്രക്കുണ്ട് ആ സ്വഭാവ മഹിമ. ആ പോട്ടെ സാരമില്ല. അവിടെ ചെന്നപ്പോള്‍ ഉണ്ട് എന്നെപോലെ തന്നെ "നല്ല" കുറെ കുട്ടികളെ
അമ്മമാര്‍ സൂക്ഷിക്കാന്‍ "സേഫ് ലോക്കറില്‍" എല്പിചിടു പോകുന്നു
എല്ലാവരും വലിയ വായിലെ കരച്ചില്‍ ഞാന്‍ ഇതൊക്കെ കണ്ടു അന്തം വിട്ടു നില്‍ക്കുവല്ലേ ഇവരൊക്കെ എന്താ ഇങ്ങനെ എന്ന്?
പിന്നെയല്ലേ മനസിലായത് അമ്മമാരെ അവിടെ പഠിപ്പിക്കില്ല എന്ന് അതോടെ അവര്‍ക്ക്
ഒരു കമ്പനിക്ക് ഞാനും കോറസ് കൊടുത്തു നമ്മളെകൊണ്ട് അത്രയൊക്കെ അല്ലെ ആ ചെറുപ്രായത്തില്‍ ചെയ്യാന്‍ പറ്റൂ.
പിന്നെ എന്‍റെ പിതാശ്രീ എന്ന് പറയുന്ന മാന്യദേഹം ഇതുവരെ എന്‍റെ ഒരു കാര്യത്തിനും സ്കൂളിലേക്ക് വന്നിട്ടില്ല.
6 വര്ഷം ഞാന്‍ അവിടെ പഠിച്ചിട്ടു പുള്ളി 4 തവണ വന്നു എന്‍റെ പിറന്നാളിന് എല്ലാര്ക്കും പായസം കൊടുക്കാന്‍.
അല്ലാതെ ഇന്ന് വരെ പോയി പഠിക്കെടാ എന്നോ എങ്ങനെയുണ്ട് പഠിത്തം എന്നോ ചോദിച്ചു എന്നെ സല്യപെടുതിയിട്ടെ ഇല്ല.
അച്ഛന്മാരയാല്‍ ഇങ്ങനെ വേണം.അച്ഛനാരാ മോന്‍?...
എന്‍റെ നെഴ്സരിയെ കുറിച്ച് പറഞ്ഞാല്‍ ഒരുപാടു ഉണ്ട് എന്ന് കരുതല്ലേ .....
സെന്‍റ് ജോര്‍ജ് നേഴ്സറി സ്കൂള്‍ എന്നാണ് അതിന്റെ നാമധേയം.
ഞാന്‍ ജനിക്കുന്നതിനും കൃത്യം 10 വര്ഷം മുന്‍പേ ജനിച്ചതാണ് അത്.
ഒരു ചേട്ടന്റെ ബഹുമാനം ഞാന്‍ എന്നും കൊടുത്തിരുന്നു കേട്ടോ.
അവിടുത്തെ ടീച്ചര്‍മാരെല്ലാം വളരെ സ്നേഹമുള്ളവരായിരുന്നു (ആദ്യത്തെ കുറെ കാലം )
പിന്നീട് നമ്മുടെ സ്വഭാവഗുനതിന്റെ ആയിരിക്കണം അവരും പ്രതികരിച്ചു തുടങ്ങി.
എന്‍റെ വീടിന്റെ വളരെ അടുത്താണ് ഈ "കലാലയം."
രണ്ടു (ചെറിയ )റബ്ബര്‍ തോട്ടത്തിന്റെ ദൂരമേയുള്ളൂ ഉറക്കെ വിളിച്ചാല്‍ വീട്ടില്‍ കേള്‍ക്കാം
അത് വലിയ പാര ആയി എന്ന് പറയാതെ ഊഹിക്കാമല്ലോ അല്ലെ?
നമ്മള് വളരെ പതുക്കെ സംസാരിക്കുന്നതുകൊണ്ട് ഓരോ ദിവസത്തെയും ഡയലോഗ് വീട്ടില് ചെല്ലുമ്പോള് അവരെല്ലാം ഇങ്ങോട്ട് പറയും
അവിടെ LKG മുതല്‍ 4th വരെ ഉണ്ട്.എല്ലാം കൂടി ഒരു 10-100 പിള്ളേരും.
അങ്ങിനെ നമ്മള്‍ നമ്മുടെ "വിദ്യാഭാസം" തുടങ്ങി.
അക്ഷരമാലയും മറ്റു അത്യാവശ്യ കാര്യങ്ങളും ഒക്കെ എഴുത്തിനിരുത്തിയ അവിടുത്തെ അമ്മൂമ്മയും ചേച്ചിമാരും ഒക്കെ പറഞ്ഞു തന്നിരുന്നു.
അതുകൊണ്ട് അതൊന്നും വലിയ കഷ്ടപ്പാട് ആയി തോന്നിയില്ല.
അങ്ങനെ 3rd ക്ലാസ് വരെ ആയി.അവിടെയുള്ളതില്‍ ആകെ ഒരു ആശ്വാസം ഇന്റര്‍വെല്‍ ആണ്.
ഒരു തവണ സാമാന്യം തരക്കേടില്ലാത്ത ഒരു പണി കിട്ടി.കഴിക്കുവാന് കൊണ്ടുപോയ ഏത്തപ്പഴം തൊണ്ടയില്‍ കുടുങ്ങി.
കളിക്കാനുള്ള തിരക്കിനു പെട്ടെന് വിഴുങ്ങിയതാണ് അവസാനം എല്ലാരേയും കുറെ സമയം പേടിപ്പിച്ചു കൊണ്ട് ഞാന്‍ തന്നെ അത് സോള്‍വ് ചെയ്തു.
ഞാന്‍ പണ്ടേ അങ്ങനെയാ എന്‍റെ ഒരു കാര്യമേ. ((നിങ്ങള് എല്ലാം ഏത്തപ്പഴ്തിനേ തെറി പറയുന്നേ ഞാന് കേള്ക്കുന്നുണ്ടേ , അതിനു അവിടെ ഇരുന്നാല് പോരായിരുന്നോ എന്നല്ലേ )
അതിനു ശേഷം വീട്ടില്‍ നിന്നും കര്സനമായ വിലക്കായി ഇന്റര്‍വെല്‍ ടൈമില്‍ മര്യാദക്ക് ഇരിക്കണം
ബാക്കി എല്ലാ അവന്മാരും ചാടുമ്പോള്‍ നമ്മള്‍ നോക്കുകുത്തിയേപോലെ.
എല്ലാം സഹിക്കാം അവന്മാരുടെ ഒരു ചിരി ഉണ്ടല്ലോ ഹോ അതാണ് വയ്യത്തെ
കുറച്ചു ദിവസം പിടിച്ചിരുന്നു നോക്കി ....നോ രെക്ഷ അവസാനം എന്തും വരട്ടെ എന്ന് കരുതി നമ്മളും ഇറങ്ങി.
ഒരു ദിവസം കള്ളനും പോലീസും കളിക്കാം എന്ന് കരുതി എല്ലാരും കൂടി നീ കള്ളന്‍ അവന്‍ പോലീസ് എന്നൊക്കെ പറഞ്ഞപ്പോള്‍
പുറകില്‍ നിന്നും ഘനഗംഭീരമായ ഒരു ചോദ്യം "അപ്പോള്‍ ഞാന്‍ ആരാ"എന്ന്?
തിരിഞ്ഞു നോകിയപോള്‍ അച്ഛന്‍ അതോടെ ആ പരിപാടി closed.
പിന്നെയുള്ള മധുരമായ ഓര്മ്മകള് ഞങ്ങളുടെ ആയ ആയിരുന്ന ഇന്ദിരാമ്മയുടെ വീട്ടിലെ പനിനീര്ചാംബയാണ്,
അവിടെ ഒരു "ആന" പോലത്തെ പട്ടി ഉള്ളതുകൊണ്ട് ഒരുപാട് അഭ്യാസങ്ങള് കാണിച്ചാലേ അതില് നിന്നും ഒരെണ്ണം കിട്ടൂ,
പിന്നെ ഇന്ദിരാമ്മ കൊണ്ടുതരുന്ന ചാമ്പക്ക വെച്ച് അഡ്ജസ്റ്റ് ചെയ്തു പോന്നു.
വെറുതെ എന്തിനാ സിരിന്ജു കൊണ്ട് വയറിനു ചുറ്റും വട്ടം വരക്കുന്നെ അതും 14 എണ്ണം ?
പക്ഷെ അതിന്റെ ഒന്നും രുചി പിന്നീട് കഴിച്ച ഒരു ആഹാരത്തിനും കിട്ടിയിട്ടില്ല ഇനി കിട്ടുകയുമില്ല
ഇതൊക്കെയനെലും അന്ന് വല്ലതും പടിക്കുമാരുന്നതുകൊണ്ട് സ്കൂളില്‍ പ്രോബ്ലെംസ് ഇല്ലാരുന്നു (വിശ്വസിക്കണേ പ്ലീസ്)
3rd ക്ലാസ് മുതല്‍ നമ്മളെ പിടിച്ചു മോണിറ്റര്‍ ആക്കി ഓ എന്തൊരു സന്തോഷം ആഹ പ്രിന്‍സിപ്പല്‍ ആയതുപോലെ ഒരു തോന്നല്‍.
പിന്നെ ആനിവേഴ്സരിക്ക് നാടകം, പാട്ട് ബാക്കി കലാപരിപാടികള്‍ എല്ലാം നമ്മുടെ മേല്‍നോട്ടത്തില്‍ ഹോ ശരിക്കും കുളിരുകോരുന്നു.
പിന്നെ പിള്ളേരുടെ അടുതെല്ലാം ഹീറോ കളിക്കാമല്ലോ.
നാടകത്തിലെ സ്ഥിരം കഥാപാത്രങ്ങള്‍ ഉണ്ട്, കൂട്ടത്തില് ഞാനും (കണ്ണ് കിട്ടാന് പാടില്ലാലോ).പിന്നെ ജോസ് ചേട്ടനും ലേഖ ചേച്ചിയും...
ഇതേ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ആയിരുന്നു കേട്ടോ
എന്‍റെ ഉറ്റ ചങ്ങാതി വിനീത് കൃഷ്ണന്റെ അച്ഛന്‍ ബാലെട്ടന്റെതാണ് സ്ക്രിപ്റ്റ്(ബാലേട്ടന് 5 വര്ഷം മുന്പേ ഒരു അപകടത്തില് മരിച്ചു),
പടിപ്പിക്കുനത് ടീചെര്സും,
കുറെ നല്ലവരായ കൂട്ടുകാര്‍,ഇങ്ങനെയുള്ള കലാപരിപാടികള് , ചെറിയ വഴക്കുകളും പിണക്കങ്ങളും എല്ലാം കൊണ്ടും ജീവിതം ജോര്‍ ആയി പോയി.
അങ്ങനെ 4th ക്ലാസ്സില്‍ഹീറോ കളിച്ചു നടക്കുന്നതിന്റെ ഇടയില്‍ ഒരു മുട്ടന്‍ പണി കിട്ടി എന്‍റെ അച്ഛന്‍റെ രൂപത്തില്‍.
വൈകുന്നേരം സ്കൂള്‍ വിടുന്ന ടൈമില്‍ ഒരു മല്‍സരം ആണ് ആദ്യം പുറത്തു ചാടാന്‍.... അന്ന് ഒരു ടീച്ചര്‍ പിടിച്ചു
നിര്‍ത്തിയിടു പറഞ്ഞു പതുക്കെ പോകു മോനെ എന്ന്, ആ സമയം എന്‍റെ പിതാശ്രീ ആ വഴി വന്നു എന്ന് പിന്നീട് നടന്ന ഷോ
കണ്ടപ്പോള്‍ എനിക്ക് മനസിലായി. എന്‍റെ ഏതോ ഒരു "നല്ല" കൂട്ടുകാരന്‍ ചെന്ന് പറഞ്ഞു എന്നെ രാവിലെ
മുതല്‍ അവിടെ പിടിച്ചു നിര്‍ത്തിയേക്കുവാരുന്നു എന്ന്.
ആരവിടെ............ഇതിനാണോ ഇവനെ ഞാന്‍ ഗുരുകുലത്തില്‍ അയക്കുന്നെ? എന്നാ മുഖഭാവത്തോടെ നിന്ന
പിതാശ്രീയുടെ അടുത്തേക്ക് ഒന്നുമറിയാത്ത കുഞ്ഞാടായി ഞാന്‍ ചെന്നതും പടക്കം പൊട്ടുന്ന പോലെ ഒരു സൌണ്ട് കേട്ടു.
അല്പം കഴിഞ്ഞാ മനസിലായത് അത് എനികിട്ട് പൊട്ടിച്ചതാണെന്ന്.
അതുവരെ ഹീറോ കളിച്ചു നടന്ന ഞാന്‍......... എന്‍റെ ദൈവമേ.......
അടി കിട്ടിയത് സാരമില്ല നമ്മള്‍ അങ്ങനെ എത്രയെണ്ണം തുട കൊണ്ടും പുറം കൊണ്ടും കൈ കൊണ്ടും ബ്ലോക്ക് ചെയ്തിട്ടുണ്ട്? അതാണോ പ്രശ്നം ..
ഇനി ഭാഗ്യയുടെയും ഷീബയുടെയും ഒക്കെ മുഖത്ത് ഞാന്‍ എങ്ങനെ നോക്കും?
ഷിനിയോടു ഞാന്‍ എന്ത് സമാധാനം പറയും?ഹരിപ്രിയ എന്ത് കരുതും?
ഈ തന്തപടിക്ക് ഇത് വീട്ടില്‍ വെച്ച് തന്നാല്‍ പോരായിരുന്നോ ആരേലും അറിയുമോ?
അല്ലെങ്കില്‍ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും എത്ര തന്നിരിക്കുന്നു. എന്നാലും......
ഹോ വല്ലാത്ത ഒരു അവസ്ഥയിലായിപോയി.
ഏതായാലും ആ ടീച്ചര്‍ വന്നു എന്നെ പിടിച്ചു മാറ്റിയിട്ടു പിതാശ്രീയോടു സംസാരിച്ചു എല്ലാം solved.
എന്നാലും എന്‍റെ മാനം കപ്പല് കേറിയില്ലേ? അതിനു ആര് സമാധാനം പറയും.........
അതോടെ അല്പം ഒതുങ്ങി ജീവിക്കാം എന്ന ഒരു തീരുമാനം എടുത്തു.
അങ്ങനെ അവസാനത്തെ പരീക്ഷയും കഴിഞ്ഞു
സാധാരണ അങ്ങനെയുള്ള അവധിക്കാലം എല്ലാം നമ്മളെ ആറന്മുളക്ക് തന്നെ പായ്ക്ക് ചെയ്യും.
ഈ തവണയും അതുതന്നെ നടന്നു. അവിടെയാകുമ്പോള് കൂട്ടുകാരും അനിയന്മാരും ഒക്കെയുണ്ടല്ലോ അടുത്ത് തന്നെ .
നല്ല രസമാണ് ദിവസവും രാവിലെയുള്ള ആറ്റില് പോക്കും എല്ലാം.
ഒരുനാള് ആറ്റില് പോകാന് തുടങ്ങിയപ്പോള് ആര്ക്കോ ഒരു ഐഡിയ മീന് പിടിച്ചാലോ എന്ന്,
ഒന്നും ആലോചിക്കാന് നിന്നില്ല വീട്ടില് ഇരുന്ന കൊതുകുവല മുറിച്ചു അതുമായി പോയി.
കുറെ ചെരുമീനുകളെയും പിടിച്ചു കൊണ്ട് കുറെ നേരത്തിനു ശേഷം വീട്ടിലേക്കു.
നമ്മുടെ അമരത്തിലെ " മമ്മൂട്ടിയെ യും ചെമ്മീനിലെ "പളനിയെ " പോലെയും ഒക്കെയാണ് നമ്മുടെ വരവ്,
ഒരു കൊമ്ബന്സ്രാവിനെ പിടിച്ചപോലെ........
വീട്ടില് വന്നപ്പോള് ആ ഭാവം എല്ലാം മാറി കേട്ടോ കൊതുകുവല മുറിച്ചതിന് കുറച്ചു,
പോയിട്ട് താമസിച്ചതിനു കുറച്ചു,
കൊണ്ട് പോയ പാത്രം എല്ലാം മീനിന്റെ മണം ആയതിനു വേറെ
ഇങ്ങനെ തരം തിരിച്ചു എന്റെ അക്കൌന്ടിലെക്കു ഓരോന്നായി വന്നു കൊണ്ടിരുന്നു ,
എല്ലാം കൂടി ഒരു ഒന്ന് ഒന്നര ലക്ഷം രൂപക്കുള്ള മുതലുണ്ടേ .
ലവന്മാരാണേല് ഒന്നും അറിയാത്ത പന്ച്ചപാവങ്ങളെ പോലെ കല്ലിനു കാറ്റ് പിടിച്ചപോലെ ഒരു നില്പും..എല്ലാം ചേട്ടായി പറഞ്ഞിട്ടാ എന്ന്
പിന്നേ ............മീനെല്ലാം വാസനസോപിട്ടു കുളിക്കാതെ എന്റെ കുഴപ്പമാണോ?
അല്ല 24 മണിക്കൂറും വെള്ളത്തില് കിടക്കുന്ന മീന് ഇങ്ങനെ നാറാന് തുടങ്ങിയാല് നമ്മള് എന്ത് ചെയ്യും?
എന്തായാലും 2 മാസത്തെ അവരുടെ കഷ്ടകാലം തീര്ന്നു , ഞാന് വീണ്ടും കോന്നിയിലേക്ക് ..........റിസള്‍ട്ട് വന്നു.
അഞ്ചാം ക്ലാസ് അവിടെ ഇല്ലാത്തതു കൊണ്ട്(അവരുടെ ഭാഗ്യം ) അര കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു സ്കൂളിലേക്ക് എന്നെ പറിച്ചു നടാന്‍
ഉള്ള ശ്രമങ്ങള്‍ എന്‍റെ വീടിന്റെ അണിയറയില്‍ രൂപം കൊള്ളുന്നുണ്ടായിരുന്നു.
അങ്ങനെ ഇതിലും "ഭീകരമായ"ഒരു അന്തരീക്ഷത്തിലേക്ക് ഞാന്‍ മാറ്റപ്പെട്ടു .....
പിന്നീടും മറ്റു സ്കൂളുകളിലും polytechnicum ഒക്കെ ആയെങ്കിലും ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച
ആ ദിവസങ്ങളുടെ മധുരം പിന്നീട് പഠിച്ച ഒരിടത്തും കിട്ടിയിട്ടില്ല എന്നത് പച്ചയായ സത്യം.