Thursday, June 3, 2010

പാഠം ഒന്ന്.....പ്രണയം.


എന്താണ് പ്രണയം?
പ്രണയം ദൈവികമാണ് എന്ന് വേണമെങ്കില്‍ പറയാം..
കുറച്ചു നാള് മുമ്പ് ഒരു തമാശ ലേഖനം കണ്ടു ..

"പ്രണയം ചിലപ്പോള്‍ വീരപ്പനെ പോലെയാണ്...ഒരു സാമ്രാജ്യം തന്നെ വെട്ടിപ്പിടിക്കാം;
പക്ഷെ ഒറ്റ വെടി കൊണ്ട് എല്ലാം തീര്‍ന്നു കിട്ടും ,
മറ്റു ചിലപ്പോള്, പ്രണയം സുനാമി പോലെയാണ് ആര്‍ത്തലച്ചു വരും, പക്ഷെ പോകുമ്പൊള്‍ ഒന്നും ബാക്കി വെക്കില്ല ".

മികച്ച പ്രണയങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് , ഇല്ല എന്നല്ല. .
ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന എല്ലാവര്‍ക്കും ഒരു നല്ല നമസ്ക്കാരം
പറഞ്ഞു കൊണ്ട് കാര്യത്തിലേയ്ക്…
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്... കാമ്പസിലെ വാകമരത്തണലിലോ
അമ്പലനടയിലോ, പള്ളിക്കവലയിലോ, നാട്ടുമ്പുറത്തെ വിജനമായ
ഇടവഴിയിലോ വെച്ച് അന്യോന്യം ഒളികണ്ണുകളെയ്ത് അവര്‍ കണ്ടു മുട്ടി.
പരിചിത മുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി, കണ്ണുകളില്‍ ഭയത്തോടെ, ചുരുങ്ങിയ വാക്കുകളില്‍ പ്രണയ സല്ലാപം നടത്തി; പ്രണയലേഖനങ്ങല്‍ കൈമാറി.
സങ്കല്പത്തിന്റെ സ്വര്‍ണ്ണരഥത്തിലേറി, മധുരമായ ഒരു കാലം..!
ഒടുവില്‍, വിരഹദുഃഖത്താല്‍ തപിക്കുന്ന മനസ്സും നിറകണ്ണുകളുമായി ഒരു വിടപറയല്‍.! പിന്നീടൊരു ദിവസം, ഈ അരമനരഹസ്യം വീട്ടില്‍ അറിയുമ്പോഴുള്ള ഭൂകമ്പം, ഭീഷണികള്‍, ഏറ്റുമുട്ടല്, വിതുമ്പിക്കരച്ചില്‍.. അങ്ങനെയങ്ങനെ…
അവസാനം, ത്യാഗനിര്‍ഭരമായ ആത്മാര്‍ത്ഥതയുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും മുന്‍പില്‍ എല്ലാ എതിര്‍പ്പുകളുടെയും മുനയൊടിഞ്ഞ്, അവരൊന്നാകുന്ന സുന്ദരനിമിഷം..!

എന്നാല്‍, കാലം കടന്നു പോയതോടെ കമിതാക്കളുടെ പ്രണയ സങ്കല്പങ്ങളും, സമ്പ്രദായങ്ങളും ഒരുപാട് മാറി.
ആദ്യം ഒരു ഹായ്, പിന്നെ കുറച്ചു നാളുകള്‍ ഒരു നല്ല സൗഹൃദം; ക്രമേണ, പൊരിഞ്ഞ പ്രണയത്തിലേയ്ക് അതു രൂപം മാറുകയായി..പക്ഷെ, പഴയ ആ പേടിയോ ഒഴിഞ്ഞുമാറലോ ഇല്ല.
നിറകണ്ണുകള്‍ക്കു പകരം എന്തും വരട്ടെ എന്ന ഭാവം! പിന്നീട് വീട്ടുകാരെ ധിക്കരിച്ചു കൊണ്ട് ഒരു ഒളിച്ചോട്ടം.. കുറെപ്പേര്‍ വിജയം കണ്ടെത്തുന്നു; പലരും പരാജയപ്പെടുന്നു....ചിലര്‍ വേര്‍പിരിയുന്നു;
മറ്റുചിലര്‍ ആത്മഹത്യയിലേയ്ക്കു രക്ഷപ്പെടുന്നു..!

ഇന്നിന്റെ പ്രണയമോ? ഇന്ന്, കാര്യങ്ങള്‍ ഒരുപാട് മാറി.
ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്കാരത്തിന്റെ വക്താക്കളായി നാം മാറിയതോടെ പ്രണയവും ഇന്‍സ്റ്റന്റ് ആയിക്കൊണ്ടിരിക്കുന്നു.!
ആത്മാര്‍ത്ഥതയും അനിക്സ്സ്പ്രേയും ഒരുപോലെ..‘പൊടിപോലുമില്ല കണ്ടു പിടിക്കാന്‍..!’ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്.. തൊട്ടുരുമ്മിയിരുന്ന്, ചീറിപ്പാഞ്ഞു നടക്കാന്‍
ബൈക്കുകളും ആഡംബര കാറുകളും ... വാലന്റൈന്‍സ് ഡേയും ആശംസാസന്ദേശങ്ങളും സമ്മാനങ്ങളും, ചാറ്റിംഗും ചീറ്റിംഗുമായി സ്വാതന്ത്ര്യത്തിന്റെ നൂറു വാതായനങ്ങള്..! നഷടപ്പെടുവാന്‍ കുറെ മിസ് കോളുകള്‍ മാത്രം..കിട്ടാനുള്ളതോ !?

പ്രണയികള്‍ക്കിന്ന്, പേടിയോ വിരഹമോ വിഷാദമോ ഇല്ല. പ്രണയമെന്നത്,കളിചിരിയും രതിലീലകളും നിറഞ്ഞ ഒരാഘോഷം മാത്രം..!
പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടല്‍മുറികള്‍..പാളം തെറ്റിയ പ്രണയമിപ്പോള്‍ ആത്മാവില്‍ നിന്ന് ശരീരത്തിലേയ്ക്കു വഴുതിവീഴുകയാണ്..അവസാനം, ഏതെങ്കിലുമൊരു സ്വകാര്യ ആശുപത്രി മുറിയിലെ കനത്ത നിശ്ശബ്ദതയില്‍ ഒരു ചാപിള്ളയായി പ്രണയം ഒടുങ്ങുന്നു..!

എന്റെ പ്രിയപ്പെട്ട വായനക്കാരേ ഇനി നിങ്ങള്‍ തന്നെ പറയൂ..
എന്തായിരിക്കും നാളത്തെ പ്രണയം..!?

6 comments:

  1. പ്രണയം ഉണ്ടായിരുന്നു പണ്ട് "ഇപ്പോളും ഉണ്ട്" പക്ഷെ ഇന്നത്തെ പ്രണയം നഷ്ട്ട പ്രണയമോ ദൈവീക പ്രണയമോ ഒന്നും അല്ല ഒരു നേരംപോക്ക്! അപ്പോള്‍ പിന്നെ നാളത്തെ പ്രണയത്തെ കുറിച്ച് എന്ത് പറയാന്‍.

    ReplyDelete
  2. അതെ മാഷേ....എങ്കിലും എന്തായിരിക്കും എന്നതല്ലേ ചോദ്യം?..

    ReplyDelete
  3. വീരപ്പന്‍ ഉപമയാണ് ശരി
    :-)

    ReplyDelete
  4. പ്രണയം തുടരുകതന്നെ ചെയ്യും ....മ വാരികകളിലേതുപോലെ തുടരും

    ReplyDelete
  5. ഈ വഴി വന്നതിനു നന്ദി.............

    @ ഉപാസന: ആ ഉപമ എന്തെത് അല്ല...

    @ ആയിരത്തിയൊന്നാംരാവ്: നമുക്ക് നോക്കാം അല്ലെ..

    ReplyDelete
  6. വായിച്ചു...
    ഇനിയും എഴുതൂ
    ഇനിയും..ഇനിയും..ഇനിയും...

    ReplyDelete